കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് പ്രചരിപ്പിച്ച കാഫിർ സ്‌ക്രീൻ ഷോട്ട് ലഭിച്ചത് വടകര സ്‌ക്വാഡ് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് വെളിപ്പെടുത്തി മുൻ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ. പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് സ്‌ക്രീൻ ഷോട്ട് എവിടെ നിന്ന് കിട്ടിയെന്ന് പറഞ്ഞത്.അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജ് അഡ്മിൻ മനേഷ്, റെഡ് ബറ്റാലിയൻ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ അതുൽ എന്നിവരെയാണ് എസ്‌ഐടി ചോദ്യം ചെയ്തു.
റെഡ് എൻകൌണ്ടർ എന്ന വാട്ടസ് അപ് ഗ്രൂപ്പിൽ കാഫിർ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്ത റിബേഷ് രാമകൃഷ്ണൻ അത് എവിടെ നിന്ന് കിട്ടി എന്നത് പറഞ്ഞില്ലെന്ന് പറഞ്ഞാണ് കഴിഞ്ഞ അന്വേഷണ സംഘം അന്വേഷണം അവസാനിപ്പിച്ചത്. എന്നാൽ വടകര സ്‌ക്വാഡ് എന്ന വാട്ടസ് അപ് ഗ്രൂപ്പിൽ ജിതിൻ ഭാസ്‌കരൻ പോസ്റ്റ് ചെയ്തപ്പോഴാണ് സ്‌ക്രീൻ ഷോട്ട് റിബേഷിന് കിട്ടിയതെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. ജിതിന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് റിബേഷ് ഇക്കാര്യം സമ്മതിച്ചത്. അമ്പാടിമുക്ക് സഖാക്കൾ എന്ന ഫെയ്സ്ബുക്ക് പേജിന്റെ അഡ്മിൻ കണ്ണൂർ സ്വദേശി മനേഷ്, റെഡ് ബറ്റാലിയൻ വാട്ട്‌സ് അപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അമല്‌റാം എന്നിവരെയും എസ്‌ഐടി ഇന്ന് ചോദ്യം ചെയ്തത്. പറയാനുള്ളത് പിന്നീട് പറയുമെന്ന് പറഞ്ഞു റിബേഷ് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോഹരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. സ്‌ക്രീൻഷോട്ട് ഷെയർചെയ്തവരെ മാത്രമാണ് പൊലീസിന് കണ്ടെത്താനായത്. വ്യാജ സ്‌ക്രീൻ ഷോട്ട് ആരാണ് നിർമിച്ചതെന്ന് കണ്ടെത്തുക എന്നതാണ് എസ്‌ഐടിക്ക് മുന്നിലെ വെല്ലുവിളി.അതിനിടെ റിബേഷ് രാമകൃഷ്ണൻ ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ്സ്ഥാനം ഒഴിഞ്ഞു. ബ്ലോക്ക് കമ്മിറ്റി അംഗമായി തുടരും.

0 Comments