ഉഷ്ണതരംഗം; സ്പെയിനില്‍ പടര്‍ന്നുപിടിച്ച് കാട്ടുതീ, 12 മരണം

 



മാഡ്രിഡ്: അതിശക്തമായ ഉഷ്ണതരംഗത്തെ തുടര്‍ന്ന് സ്‌പെയിനിലുണ്ടായ കാട്ടുതീയില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ നാല് പേര്‍ ബ്രിട്ടീഷുകാരാണെന്നാണ് വിവരം. അന്‍ഡലൂഷ്യ പ്രവിശ്യയിലാണ് കാട്ടുതീ ഉണ്ടായത്. തെക്കന്‍ സ്പെയിനിലെ വിവിധ ഭാഗങ്ങളിലുണ്ടായ കാട്ടുതീയില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പലരെയും കാറിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുടുങ്ങിയതാകാമെന്നാണ് നിഗമനം. പരിക്കേറ്റ നിലയിലും കാറിനുള്ളില്‍ നിന്ന് ആളുകളെ കണ്ടെത്തി.

23 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശക്തമായ കാട്ടുതീയില്‍ 4,000 ഹെക്ടറിലധികം ഭൂമി കത്തിനശിച്ചതായി അന്‍ഡലൂഷ്യന്‍ പ്രസിഡന്റ് ജുവാന്‍മ മൊറേനോ പറഞ്ഞു. നിലവില്‍ ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുകയാണെന്നും ജുവാന്‍മ അറിയിച്ചു.

സ്‌പെയിനിലെ 40 ഡിഗ്രി താപനിലയിലുള്ള സ്ഥിരമായ ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയുമാണ് തീ പടരാന്‍ കാരണമായത്. മാത്രമല്ല, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുകയും ചെയ്തു.

തെക്കന്‍ പ്രവിശ്യയായ മലാഗയിലും കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയിരത്തിലധികം ആളുകളെ മേഖലയില്‍ നിന്ന് ഒഴിപ്പിച്ചു. ഇവിടെ ഏകദേശം 180 പേരാണ് തീയണക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്

Post a Comment

0 Comments