രാമക്ഷേത്ര ഭണ്ഡാരക്കൊള്ള; പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും മിണ്ടാട്ടമില്ല: കെ.സി വേണുഗോപാല്‍

 



ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മിണ്ടാട്ടമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. കൊള്ളയുടെ ഉത്തരവാദിത്തം ക്ഷേത്ര ട്രസ്റ്റിനാണ്. ഈ ട്രസ്റ്റിനെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. അയോധ്യയിലേത് രാജ്യം കണ്ട ഏറ്റവും വലിയ ക്ഷേത്രക്കൊള്ളയാണെന്നും കേരളത്തിലെ അടക്കം പാവപ്പെട്ട ആളുകളാണ് അയോധ്യയില്‍ പണം സംഭാവന ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

'ട്രസ്റ്റ് ഭാരവാഹികളുടെ അറിവോടെയാണ് ഇതെല്ലാം നടന്നിരിക്കുന്നത്. പ്രധാനമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിച്ചു നിയമിച്ചവരാണ് ട്രസ്റ്റിലെ ഭാരവാഹികള്‍. എന്നാൽ പാവപ്പെട്ട കുറേ ജീവനക്കാരെ മാത്രമാണ് എസ്‌ഐടി ചോദ്യം ചെയ്യുന്നത്. കൊള്ളയുടെ ഉത്തരവാദിത്വം ട്രസ്റ്റിന് തന്നെയാണ്. വിശ്വാസത്തിനെതിരായ കടന്നാക്രമണമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്,' കെ.സി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ചോദ്യം ഉയര്‍ത്തികൊണ്ടിരിക്കും. ഈ മാസം 20ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയമുന്നയിക്കും. കള്ളന്‍മാര സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ വിഷയത്തില്‍ കേരളത്തിലെ ബിജെപി മൗനം പാലിക്കുന്നത്. അയോധ്യയില്‍ മാത്രമല്ല ബദരീനാഥില്‍ അടക്കം ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ബിജെപി ഭരണത്തിന് കീഴില്‍ ക്ഷേത്രങ്ങള്‍ എങ്ങനെ കൊള്ളയടിക്കപ്പെടുന്നു എന്നതിന്റെ നേര്‍ചിത്രമാണ് ഇതെല്ലാം. കോണ്‍ഗ്രസ് ഇതിനെയൊരു രാഷ്ട്രീയ വിഷയമായല്ല കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദൈവങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാമെന്ന് ബിജെപി കാണിച്ചുതന്നത് അയോധ്യയിലൂടെയാണ്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി രാമക്ഷേത്രത്തെ വെറും വോട്ടുബാങ്ക് രാഷ്ട്രീയത്തിനും ജനങ്ങളെ വിഭജിക്കാനുമുള്ള ആയുധവുമായി മാത്രം ഉപയോഗിച്ച ബിജെപിയുടെയും ആര്‍എസ്എസിന്റെയും കപടഭക്തിയാണ് ഭണ്ഡാരക്കൊള്ളയിലൂടെ തുറന്നുകാട്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ അയോധ്യയിലെ കൊള്ളയില്‍ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments