2016ല്‍ വിരമിച്ച പ്രിന്‍സിപ്പല്‍ എസ്എസ്‌കെ തലപ്പത്ത്; കെ.മോഹനകുമാറിന്റെ പുതിയ നിയമനം വിവാദത്തില്‍

 



കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പില്‍ അസാധാരണ പുനര്‍നിയമനം. പത്തുവര്‍ഷം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥനെ വിദ്യാഭ്യാസ വകുപ്പില്‍ ഉന്നത പദവിയില്‍ നിയമിച്ചു.

2016ല്‍ കോളജ് പ്രിന്‍സിപ്പലായി വിരമിച്ച ഡോ. കെ.മോഹനകുമാറിനെയാണ് നിയമിച്ചത്. എസ്എസ്‌കെ ഡയറക്ടറായാണ് നിയമനം. ഇതോടെ സര്‍വീസ് ആനുകൂല്യങ്ങള്‍ പ്രകാരമുള്ള പുനര്‍ നിയമനം ചട്ടലംഘനമാണെന്ന് ആക്ഷേപമുയര്‍ന്നു.

ശാസ്താംകോട്ട ദേവസ്വം കോളജില്‍ നിന്നാണ് മോഹനകുമാര്‍ പ്രിന്‍സിപ്പലായി വിരമിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്‌കോള്‍ കേരള വൈസ് ചെയര്‍മാനായും ഇടതുപക്ഷ അധ്യാപക യൂണിയന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തി കൂടിയാണ് മോഹനകുമാര്‍.

നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ കണ്‍സോളിഡേറ്റഡ് പേ നല്‍കുന്നതിന് പകരം, സര്‍വീസ് ആനുകൂല്യങ്ങളും പെന്‍ഷന്‍ ഒഴികെയുള്ള മറ്റ് ആനുകൂല്യങ്ങളും നല്‍കികൊണ്ടുള്ള നിയമനമാണ് നടന്നിരിക്കുന്നത്.

ഇതിനെതിരെ ഭരണപക്ഷ അനുകൂല സംഘടനകൾ ഉൾപ്പെടെ രംഗത്തുണ്ട്. 65ാം വയസിലേക്ക് കടക്കുന്ന ഒരാൾക്ക് കരാര്‍ അടിസ്ഥാനത്തില്‍ എന്തിന് നിയമനം നല്‍കിയെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ചോദ്യം.

എസ്എസ്‌കെ പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി നയപരമായ തീരുമാനങ്ങളും കൂടിയാലോചനകളും നടത്തേണ്ട പ്രധാനപ്പെട്ട പദവിയാണ് എസ്എസ്‌കെ ഡയറക്ടറുടേത്.

Post a Comment

0 Comments