വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റ് സർക്കാരുകളെ അഭിനന്ദിച്ചു





പുൽപ്പള്ളി:കേരള കർണാടക അതിർത്തിയായ ബൈരക്കുപ്പയിൽ കബനി നദിക്ക് കുറുകെ പാലവും അപ്രോച്ച് റോഡും നിർമ്മിക്കാനായി 49 കോടി രൂപ പ്രാഥമിക ചിലവിലേക്ക് അനുവദിച്ച കേന്ദ്ര സർക്കാരിനെയും, കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കരിയേയും വ്യാപാരി വ്യവസായി ഏകോപന സമിതി അഭിനന്ദിച്ചു.1994 സെപ്റ്റംബർ 22ന് തറക്കല്ലിട്ട ബൈരക്കുപ്പ പാലം നിർമ്മിക്കാനായി മുൻകൈയെടുക്കുകയും സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്ത വയനാട് എം.പി പ്രിയങ്ക ഗാന്ധി,കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ, സുൽത്താൻബത്തേരി എം.എൽ.എ ഐ.സി.ബാലകൃഷ്ണൻ എന്നിവരേയും യോഗം അഭിനന്ദിച്ചു .

ബൈരക്കുപ്പ പാലം പ്രാവർത്തികമാക്കുന്നതിനായി അക്ഷീണം പരിശ്രമിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടേയും, പെരിക്കല്ലൂർ വികസന സമിതിയുടേയും,വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും, മറ്റു രാഷ്ട്രീയ നേതൃത്തങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഇതെന്ന് യോഗം വിലയിരുത്തി. 

2019 മുതൽ വയനാട്ടിലെ നിലവിലുണ്ടായിരുന്ന എം.എൽ.എ.മാർക്കും,മുൻ കേന്ദ്രമന്ത്രി മുരളീധരൻ,മുൻ എം.പി. രാഹുൽ ഗാന്ധി, എന്നിവരടക്കമുള്ള മുഴുവൻ ജനപ്രതിനിധികൾക്കും,രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഇക്കാര്യം ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപനസമിതി നിരന്തരം നിവേദനങ്ങൾ നൽകിയിരുന്നു.അടുത്ത കാലത്ത് പെരിക്കല്ലൂർ സെൻ്റ് തോമസ് ദേവാലയ വികാരി ഫാ: ജോർജ് കപ്പുകാലായിൽ ഇത് ഒരു ദൗത്യമായി തന്നെ ഏറ്റെടുക്കുകയുണ്ടായി. ഇനിയും നമ്മുടെ നാടിന്റെ വികസനത്തിനായി കക്ഷിരാഷ്ട്രീയങ്ങൾ മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന പക്ഷം താലൂക്ക് ഹോസ്പിറ്റൽ,ഫയർ സ്റ്റേഷൻ, രാത്രി യാത്രാ നിരോധനം തുടങ്ങിയ വിഷയങ്ങൾക്കെല്ലാം പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി. 

പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു ,കെ എസ് അജിമോൻ, പി എ ഷാജിമോൻ, കെ കെ അബ്രഹാം,പി എം.പൈലി, കെ ജോസഫ്,ബാബു രാജേഷ്,ഇ.കെ.മുഹമ്മദ്, സജി വർഗീസ്,കെ വി റഫീഖ്,വേണുഗോപാൽ പ്രസന്നകുമാർ,വി കെ ഷിബിൻ,പ്രഭാകരൻ,എം വി ബാബു എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments