ലക്ഷ്യം നേതൃമാറ്റം; സിപിഎമ്മിനുള്ളിൽ പിണറായി വിജയനെയും എം.വി ഗോവിന്ദനെയും ലക്ഷ്യമിട്ട് പുതിയ ചേരി രൂപപ്പെടുന്നു





 തിരുവനന്തപുരം: സിപിഎമ്മിനുള്ളിൽ പിണറായി വിജയനെയും എം.വി ഗോവിന്ദനെയും ലക്ഷ്യമിട്ട് പുതിയ ചേരി രൂപപ്പെടുന്നു. കണ്ണൂരിൽ നിന്നുള്ള നേതാക്കളാണ് നീക്കത്തിന് പിന്നിൽ. ആഗസ്റ്റിൽ നടക്കുന്ന വിശാല സംസ്ഥാന കമ്മിറ്റിയിൽ നേതൃമാറ്റം ലക്ഷ്യമിട്ടാണ് പുതിയ ചേരിയുടെ നീക്കം എന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയം മുതൽ തുടങ്ങിയതാണ് സിപിഎമ്മിനുള്ളിലെ ആഭ്യന്തര തർക്കം. തെരഞ്ഞെടുപ്പിലെ കനത്ത തോൽവി വിമർശനങ്ങൾക്ക് ആക്കം കൂട്ടി. മറയില്ലാത്ത വിമർശനങ്ങൾക്ക് നേതൃത്വം പച്ചക്കൊടി കാട്ടിയതോടെ കീഴ്ഘടകങ്ങൾ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു.വിമർശനങ്ങളുടെ കുന്തമുന പ്രധാനമായും തിരിഞ്ഞത് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നേരെയായിരുന്നു. ഭാര്യയെ സ്ഥാനാർത്ഥി ആക്കിയത് അടക്കമുള്ള നീക്കങ്ങൾ തിരിച്ചടിയായി എന്നായിരുന്നു വിമർശനം

പിണറായി വിജയന്റെ നിലപാടുകളും അണികൾ ചോദ്യം ചെയ്തു. പാർട്ടിയെ തിരുത്താൻ പ്ലീനം വിളിക്കാനായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. ഇത് സംസ്ഥാന കമ്മിറ്റിതള്ളി. പ്ലീനത്തിന് പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ അടക്കം പങ്കെടുപ്പിച്ച് വിശാല സംസ്ഥാന കമ്മിറ്റി ചേരാൻ ആയിരുന്നു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. പ്ലീനം വിളിച്ചാൽ നേതൃ മാറ്റം എന്ന ആവശ്യം ഉയരുമെന്ന് നിലവിലെ നേതൃത്വം ഭയപ്പെട്ടു. ഇതാണ് തീരുമാനം മാറ്റിയതിന് പിന്നിലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിശ്വാസം. എന്നാൽ സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ എല്ലാം തകിടം മറിച്ചാണ് പാർട്ടിക്കുള്ളിലെ പുതിയ നീക്കം. ഇതിന് ചുക്കാൻ പിടിക്കുന്നത് കണ്ണൂർ പാർട്ടിയിലെ ചില നേതാക്കളാണ് എന്നതും പരസ്യമായ രഹസ്യം.

വിഴിഞ്ഞത്തിന്റെ പേരിലാണ് പുതിയ പോരെങ്കിലും ലക്ഷ്യം അതല്ല. പാർട്ടി സെക്രട്ടറിയെ ലക്ഷ്യമിട്ട് രൂപപ്പെട്ട പുതിയ നീക്കത്തിന്റെ തുടക്കമായി ആണ് ഇതിനെ ഒരു വിഭാഗം നോക്കിക്കാണുന്നത്. പിണറായി വിജയനെയും എം.വി ഗോവിന്ദനെയും പിന്തുണയ്ക്കുന്ന കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ അടക്കമുള്ളവർ പരസ്യമായി തള്ളിയതും ഇതിന്റെ സൂചനകളാണ്. നിലവിലെ നേതൃത്വത്തിനെതിരെ പരസ്യ നിലപാട് എടുക്കാൻ മടിച്ച ചില നേതാക്കളും വരും ദിവസങ്ങളിൽ ഈ ചേരിയുടെ ഭാഗമായേക്കും എന്നാണ് സൂചന. ആഗസ്റ്റിൽ നടക്കുന്ന വിശാല സംസ്ഥാന കമ്മിറ്റിക്ക് മുമ്പ് ഈ ചേരി ശക്തി പ്രാപിച്ചാൽ നേതൃമാറ്റം ലക്ഷ്യമിട്ടുള്ള ഇവരുടെ നീക്കം ഫലം കാണാനും സാധ്യതയുണ്ട്.

Post a Comment

0 Comments