ന്യൂഡൽഹി: കേരളത്തിലെ സിപിഎമ്മിന്റെ സംഘടനാ പ്രവർത്തനങ്ങളിൽ അടിയന്തരമായ തിരുത്തലുകൾ വരുത്തണമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം. നിലവിലെ സംഘടനാ ശൈലിയുമായി ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നും ഡൽഹിയിൽ ചേരുന്ന പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗത്തിൽ അഭിപ്രായമുയർന്നു. മുൻപ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സ്വീകരിച്ച തിരുത്തൽ നടപടികളോ ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രവർത്തനങ്ങളോ ഫലം കണ്ടില്ലെന്ന് കേന്ദ്ര നേതൃത്വം യോഗത്തിൽ വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെയും സീറ്റ് കുറവിനെയും ശരിയായ രീതിയിൽ ഗൗരവത്തിലെടുക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ലെന്ന വിമർശനമാണ് യോഗത്തിൽ ഉയർന്നത്. അതിൽ നിന്ന് പാഠം ഉൾക്കൊള്ളാതിരുന്നതാണ് തൊട്ടുപിന്നാലെ വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സമാനമായ രീതിയിൽ വലിയ പരാജയം നേരിടാൻ കാരണമായതെന്ന് വിലയിരുത്തപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ വീഴ്ചകൾ കൃത്യമായി പരിഹരിച്ചിരുന്നെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തരം ഒരു തകർച്ച ഉണ്ടാകുമായിരുന്നില്ലെന്ന് ചില അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.
പാർട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ വലിയ വിള്ളലുകൾ ഉണ്ടായിട്ടുണ്ടെന്നും, കാലങ്ങളായി പാർട്ടിയെ പിന്തുണച്ചിരുന്ന ചില ജനവിഭാഗങ്ങൾ അകന്നുപോയതായും നേരത്തെ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിലും വിലയിരുത്തിയിരുന്നു. ഇതിന് പുറമെ മുതിർന്ന നേതാക്കൾക്കിടയിൽ പാർലമെന്ററി മോഹങ്ങൾ വർധിച്ചുവരുന്ന സാഹചര്യം തിരുത്തപ്പെടേണ്ടതുണ്ടെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പഴയതുപോലെ ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്നുള്ള പ്രവർത്തന ശൈലിയിലേക്ക് പാർട്ടി തിരിച്ചുപോകേണ്ടതുണ്ട്.
തുടർച്ചയായി രണ്ട് തവണ കേരളത്തിൽ ഭരണം നിലനിർത്തിയ പാർട്ടിക്ക്, മൂന്നാം തവണ ജനവിധി തേടിയപ്പോൾ എവിടെയാണ് പിഴച്ചതെന്നതിനെക്കുറിച്ച് സാധാരണ പ്രവർത്തകർ മുതൽ മുതിർന്ന നേതാക്കൾ വരെ കൃത്യമായ പരിശോധന നടത്തണം. ഇതിനായി അടിമുടി മാറ്റങ്ങൾക്കാണ് കേന്ദ്ര കമ്മിറ്റി നിർദേശം നൽകിയിരിക്കുന്നത്. ഡൽഹിയിൽ പുരോഗമിക്കുന്ന പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗം നാളെ ഉച്ചയോടെ പൂർത്തിയാകും. അതിനുശേഷമായിരിക്കും തിരുത്തൽ നടപടികളെക്കുറിച്ചുള്ള സംസ്ഥാന നേതൃത്വത്തിന്റെ കൂടുതൽ തീരുമാനങ്ങൾ പുറത്തുവരിക.
0 Comments