മലപ്പുറം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ അർജന്റീനയെയും ഫിഫയെയും പരിഹസിച്ചുകൊണ്ട് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റിനെതിരെ ഉന്നത അധികാരികൾക്ക് പരാതി. കായികപ്രേമികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി റാഷിദ് അഹമ്മദാണ് പരാതി നൽകിയത്. മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ്, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന പൊലീസ് കംപ്ലൈയ്ന്റ് അതോറിറ്റി എന്നിവർക്കാണ് റാഷിദ് അഹമ്മദ് പരാതി സമർപ്പിച്ചത്.
ഒരു സർക്കാർ സംവിധാനത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജ് ചില ഉദ്യോഗസ്ഥർ അവരുടെ വ്യക്തിപരമായ താല്പര്യങ്ങൾക്കും ഫാൻസ് പോരുകൾക്കുമായി ദുരുപയോഗം ചെയ്തുവെന്ന് പരാതിയിൽ ശക്തമായി ആരോപിക്കുന്നു. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ഫുട്ബോൾ എന്ന കായിക ഇനത്തിന്റെ സ്പിരിറ്റിനെയും ആരാധകരുടെ വികാരത്തെയും അപമാനിക്കുന്ന രീതിയിലാണ് പോസ്റ്റ് തയ്യാറാക്കിയതെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക സംവിധാനങ്ങളെ സ്വന്തം താല്പര്യങ്ങൾക്കനുസരിച്ച് ഉപയോഗിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയും മത്സരത്തിന്റെ റഫറിയും ഒരുമിച്ചു നിൽക്കുന്ന ചിത്രത്തിൽ ഗ്രാഫിക്സ് വഴി കേരളത്തിന്റെ ഭൂപടം കൂടി ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു കേരള പൊലീസ് പോസ്റ്റ് പങ്കുവെച്ചത്. കളിക്കളത്തിൽ അർജന്റീനയ്ക്ക് റഫറിയുടെ അനധികൃത സഹായം ലഭിക്കുന്നുണ്ടെന്ന തരത്തിലുള്ള ട്രോളുകളെ ഓർമിപ്പിക്കുന്നതായിരുന്നു ഈ ചിത്രം. 'നിങ്ങൾക്ക് ഞങ്ങളുണ്ട്' എന്ന ടാഗ് ലൈനും 'അടിയന്തര സഹായങ്ങൾക്ക് വിളിക്കാം 112' എന്ന സന്ദേശവും ചിത്രത്തോടൊപ്പം നൽകിയിരുന്നു.
പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾക്ക് ഇത് വഴിവെച്ചിരുന്നു. ഒരു ഔദ്യോഗിക നിയമപാലക സംവിധാനത്തിന്റെ പേജ് ഉപയോഗിച്ച് ഏതെങ്കിലും ഒരു ടീമിനെയോ ഫിഫയെയോ പരിഹസിക്കുന്നത് അപക്വമാണെന്ന് അർജന്റീന ആരാധകർ ചൂണ്ടിക്കാട്ടി. പ്രതിഷേധം ശക്തമാവുകയും സംഭവം വലിയ വിവാദത്തിലേക്ക് നീങ്ങുകയും ചെയ്തതോടെ കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് ഈ പോസ്റ്റ് പിൻവലിക്കുകയായിരുന്നു

0 Comments