കാൻസസ്‌സിറ്റി: ഒരു റെഡ്കാർഡ് മത്സരത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് തെളിയിക്കുന്നതായിരുന്നു ക്വാർട്ടർ ഫൈനലിലെ അർജന്റീന-സ്വിറ്റ്‌സർലൻഡ് പോരാട്ടം. അതുവരെ മികച്ച രീതിയിൽ പൊരുതിയ സ്വിറ്റ്‌സർലൻഡ് 72ാം മിനിറ്റിൽ ബ്രീൽ എംബോളോക്ക് ചുവപ്പ് കാർഡ് ലഭിച്ചതോടെ ബാക് ഫുട്ടിലേക്ക് മാറുന്നതാണ് കണ്ടത്. എംബോളോയെ അർജന്റൈൻ താരം പിൻഹീറോ പരഡെസ് ഫൗൾ ചെയ്തതായാണ് റഫറി ആദ്യം വിധിച്ചത്. ഇതുപ്രകാരം അർജന്റൈൻ താരത്തിന് മഞ്ഞകാർഡ് നൽകുകയും ചെയ്തു. എന്നാൽ പിന്നാലെ വാർറൂം ഇടപെടുകയായിരുന്നു. ഇതോടെ സാഹചര്യം മാറിമറിഞ്ഞു. റീപ്ലേകളിൽ എംബോളോളിൽ പരഡസിന്റെ കാൽ ടച്ച് ചെയ്തിട്ടില്ലെന്നും എംബോളോ ഡൈവ് ചെയ്തതാണെന്നും വ്യക്തമായി. ഇതോടെയാണ് ഫിഫയുടെ 'മിസ്‌റ്റേക്കൻ ഐഡന്റിറ്റി നിയമം' പ്രയോഗിച്ച് റഫറി സ്വിസ് താരത്തിന് മഞ്ഞകാർഡ് നൽകിയത്. രണ്ടാം മഞ്ഞകാർഡ് ലഭിച്ചതോടെ താരത്തിന് മൈതാനം വിടേണ്ടിയും വന്നു.
അതേസമയം, സ്വിസ് താരത്തിന് മഞ്ഞകാർഡ് നൽകേണ്ടതുണ്ടായിരുന്നോയെന്ന ചർച്ച സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സാധാരണ ഗതിയിൽ ഒരേ ടീമിലെ കളിക്കാർ മാറിപോകുമ്പോഴാണ് മാച്ച് ഒഫീഷ്യലുകൾ ഈ നിയമം പ്രയോഗിക്കാറുള്ളത്. എന്നാൽ വാർ പരിശോധനയിലൂടെ ഇവിടെ തെറ്റായ കളിക്കാരനാണ് കാർഡ് നൽകിയത് എന്നതിലേക്ക് റഫറി എത്തിചേരുകയായിരുന്നു. ഇതോടെ പരഡെസിന്റെ മഞ്ഞകാർഡ് പിൻവലിക്കുകയും ഡൈവ് ചെയ്ത് റഫറിയെ തെറ്റിദ്ധരിപ്പിച്ചതിന് എംബോളോ നടപടി നേരിടേണ്ടിയും വന്നു. ലോകകപ്പ് ചരിത്രത്തിൽ ഇത്തരത്തിൽ ശിക്ഷ നേരിടുന്ന ആദ്യ താരമാണ് എംബോളോ

0 Comments