'വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന പരാമർശം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി'; ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ വിമർശനം

 



കോട്ടയം: ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ പിണറായി വിജയന് വിമർശനം. നേതാക്കളുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നാണ് വിമർശനം. വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന പരാമർശം തിരിച്ചടിയായി. വിദ്യാർഥി സംഘടനാ സ്വാതന്ത്ര്യം കാമ്പസുകളിൽ തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞ 10 വർഷം അധികാരമുണ്ടായിട്ടും ചെറുവിരൽ അനക്കിയില്ല. സമരങ്ങൾ ഏറ്റെടുക്കാൻ ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വിമർശനമുണ്ടായി.

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീമിനെതിരെയും സമ്മേളനത്തിൽ വിമർശനമുണ്ടായി. 46 വയസായിട്ടും ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് പ്രായത്തിന്റെ പേരിൽ മേഖല, ബ്ലോക്ക് ഭാരവാഹികളെ മാറ്റുകയാണെന്നും വിമർശനമുയർന്നു.

ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു. ടി.എസ് ശരത് ആണ് ജില്ലാ സെക്രട്ടറി. അർച്ചന സദാശിവനെ പ്രസിഡന്റും അനീഷ് അന്ത്രയോസിനെ ട്രഷററുമായി തിരിഞ്ഞെടുത്തു.

Post a Comment

0 Comments