'ആശുപത്രിയിൽ രോ​ഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ല'; വിശദീകരണവുമായി കെ.മുരളീധരൻ



തിരുവനന്തപുരം: ആശുപത്രിയിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് ആരോ​ഗ്യമന്ത്രി മന്ത്രി കെ.മുരളീധരൻ. കഴിഞ്ഞദിവസം പറഞ്ഞത് ആലപ്പുഴ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട കാര്യമാണ്. പൊതുവായി വ്യാഖ്യാനിക്കേണ്ടത് ഇല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സ്ഥലം കയ്യേറിയെന്നും എതിർപ്പ് ആഹാരം കൊടുക്കുന്നതിന് അല്ല സ്ഥലം കയ്യേറിയതിലാണ്. ആഹാരം ആരു കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും ആരോ​ഗ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

ആരോഗ്യവകുപ്പ് മന്ത്രിയുടെ വാർത്താകുറിപ്പിൻ്റെ പൂർണരൂപം

ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടതാണ്. അവിടുത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ല. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്‌ഥലം കൈയേറി.ഇത് അംഗീകരിക്കാനാകില്ല. സ്ഥലം കൈയ്യേറിയതിനാണ് എതിർപ്പ്, ആഹാരം കൊടുക്കുന്നതിനല്ല.

ആശുപത്രിയു‌ടെ വികസന പ്രവർത്തനങ്ങളെ തടയുന്ന നടപടിയാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ മേഖലയിൽ സർക്കാർ ഇടപെടൽ നടത്തുന്നത്. ആശുപത്രിയിൽ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചണുമായി എല്ലാവരുടെയും സഹകരണം വേണം. കാരണം ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല. പാവങ്ങൾക്ക് ആഹാരം കിട്ടണമെന്നാണ് സർക്കാരിന്റെ താത്പര്യം. അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

Post a Comment

0 Comments