കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരി സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി കണ്ണൂർ റെയിഞ്ച് ഡിഐജി യതീഷ് ചന്ദ്ര

 



കൊട്ടിയൂർ: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നതിനായി യതീഷ് ചന്ദ്ര കൊട്ടിയൂർ മഹോത്സവ നഗരി സന്ദർശിച്ചു. ഉത്സവത്തിനെത്തുന്ന ആയിരക്കണക്കിന് ഭക്തരുടെ സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം വിശദമായ ചർച്ച നടത്തി.

മഹോത്സവ നഗരിയിലെ പ്രധാന പ്രവേശന കവാടങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ, അക്കരെ-ഇക്കരെ സന്നിധാനങ്ങൾ, തിരക്ക് അനുഭവപ്പെടുന്ന മേഖലകൾ എന്നിവ സന്ദർശിച്ച ഡിഐജി നിലവിലെ സുരക്ഷാ സംവിധാനങ്ങൾ നേരിട്ട് വിലയിരുത്തി. ഭക്തജനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ഉത്സവ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം, അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ, മെഡിക്കൽ സേവനങ്ങളുടെ ഏകോപനം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും അദ്ദേഹം നൽകി. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ അധിക പോലീസ് സേനയെ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയായി.

പോലീസ്, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ്, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവയുടെ ഏകോപനത്തോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഭക്തജനങ്ങൾക്ക് സുരക്ഷിതവും സുഗമവുമായ ദർശന സൗകര്യം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.

സന്ദർശന വേളയിൽ ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയി നമ്പൂടാകം, കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഗോകുൽ തുടങ്ങിയവരും ഉണ്ടായിരുന്നു 


Post a Comment

0 Comments