ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല, ഇഡി എങ്ങനെ അന്വേഷിക്കണമെന്ന് ഞങ്ങള്‍ക്ക് പറയാന്‍ പറ്റില്ല : മുഖ്യമന്ത്രി

 




തിരുവനന്തപുരം: ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നും റെയ്ഡ് പൊലീസിനെ അറിയിച്ചിട്ടു പോലുമില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍. കേന്ദ്ര ഏജന്‍സി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസാണ്. റെയ്ഡ് പൊലീസിനെ അറിയിച്ചിട്ടു പോലുമില്ല. ക്രമസമാധാന പ്രശ്‌നം ഉണ്ടാകരുതെന്ന് കരുതിയാണ് ആഭ്യന്തരമന്ത്രി ഇടപെട്ട് പൊലീസിനെ വിട്ടത്. കേസന്വേഷണത്തിന് വരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ തടയുന്നതും ആക്രമിക്കുന്നതും ക്രമസമാധാന ലംഘനമാണ്. അത് ഒരു കാരണവശാലും അനുവദിക്കില്ല -മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

റെയ്ഡിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ ആണ് പിണറായി കുറ്റപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാഹുല്‍ ആണോ ഇഡിയെ വിട്ടത്? മോദിയെ ഒരക്ഷരം പോലും പറഞ്ഞില്ല. രാഹുലിനെ ചോദ്യം ചെയ്തപ്പോള്‍ സഹകരിച്ചു. പ്രവര്‍ത്തകരെ വിട്ട് വാഹനം തല്ലിപ്പൊളിച്ചില്ല. കോടതി നിര്‍ദ്ദേശിച്ച കേസില്‍ അന്വേഷണം എങ്ങനെ വേണം എന്ന് ഞങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാന്‍ കഴിയുമോ? -മുഖ്യമന്ത്രി ചോദിച്ചു. താന്‍ എപ്പോള്‍ മറുപടി പറയണം എന്നതിനുള്ള അവകാശമെങ്കിലും തനിക്ക് നല്‍കണം. ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നയാളല്ല താൻ. തനിക്ക് മറുപടി പറയാനുള്ള സാവകാശം തരണം. 12 പ്രാവശ്യമാണ് മാധ്യമങ്ങള്‍ തന്നോട് ഒരേ ചോദ്യം ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വന്ദേമാതരം മുഴുവന്‍ പാടാനാവില്ലെന്നും യുഡിഎഫിന്റെ നയത്തിനപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍. നിയമസഭയില്‍ വന്ദേമാതരം മുഴുവന്‍ പാടാത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊളിറ്റിക്കല്‍ ഐഡിയോളജിയുടെ ഭാഗമായി നില്‍ക്കുന്ന ഒരു പാര്‍ട്ടി ആണ് യുഡിഎഫ് സർക്കാരിനെ നയിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു നയമുണ്ട്. അത് അനുസരിച്ച് മുന്നോട്ട് പോകും -അദ്ദേഹം പറഞ്ഞു.


'യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് ഇന്ന് ഗവര്‍ണര്‍ നടത്തിയത്. സര്‍ക്കാര്‍ നയങ്ങളുടെ പ്രതിഫലനമാണത്. കേരളം പുതിയ യുഗത്തിലേക്ക് കടക്കുകയാണ്. യുഡിഎഫ് നല്‍കിയ എല്ലാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നടപ്പാക്കും. അഞ്ച് ഇന്ദിരാ ഗാരന്റികള്‍ പ്രഖ്യാപിച്ചതും നടപ്പാക്കും. രണ്ടെണ്ണം തീരുമാനമെടുത്തു കഴിഞ്ഞു. ബാക്കിയുള്ളവ സാമ്പത്തിക വശങ്ങള്‍ കൂടി പരിശോധിച്ച് ഉചിതമായ സമയത്ത് നടപ്പാക്കും.

കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി. തുറമുഖങ്ങളെയും കണ്ടെയ്‌നര്‍ ടെര്‍മിനലുകളെയും ഏകോപിപ്പിച്ചുള്ള വലിയ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കും. അതോടൊപ്പം, കേരളത്തെ സൗത്ത് എഷ്യയിലെ ഏറ്റവും വലിയ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുകയും ചെയ്യും. ഉന്ന വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും ആധുനികവത്കരിക്കും. സുസ്ഥിര വികസന മാതൃകയാണ് സര്‍ക്കാരിന്റെ താല്‍പര്യം.

ലഹരിക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികള്‍ കൈക്കൊള്ളും. പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തും. നിര്‍മിത ബുദ്ധിക്ക് പ്രത്യേക പരിഗണന നല്‍കും. ഇതിനെല്ലാം അനുബന്ധമായ ബജറ്റ് പ്രഖ്യാപനങ്ങള്‍ ഉണ്ടാകും' -മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയന്റെ നയമല്ല പുതിയ സര്‍ക്കാര്‍ നടപ്പാക്കുന്നത്. സര്‍ക്കാര്‍ ഒരു തുടര്‍ച്ചയാണെങ്കിലും നയങ്ങളില്‍ മാറ്റമുണ്ടാകും. അത് ജനങ്ങളോട് പറഞ്ഞാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കിഫ്ബിയെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ വെക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments