ഡൽഹി: നീറ്റ് പരീക്ഷയിൽ വീഴ്ച സമ്മതിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി ഉദ്യോഗസ്ഥർ . പാർലമെന്‍ററി സമിതിക്ക് മുമ്പാകെയാണ് വീഴ്ച സമ്മതിച്ചത്.എൻടിഎ ഡയറക്ടർ, എൻടിഎ ചെയർപേഴ്‌സൺ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പാർലമെന്ററി സമിതി വ്യാഴാഴ്ച വിളിച്ചുവരുത്തിയിരുന്നു. ചോദ്യപേപ്പര്‍ ചോർച്ചയെ തുടർന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ജനരോഷത്തെ തുടർന്നാണ് കോൺഗ്രസ് എംപി ദിഗ് വിജയ് സിങ് അധ്യക്ഷനായ സമിതി ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദേശം നൽകിയത്.
2026 മേയ് 3ന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യങ്ങൾ ഔദ്യോഗിക പരീക്ഷയ്ക്ക് മുൻപ് തന്നെ ചോർന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പൂനെയിലെ ബയോളജി ലെക്ചററായ മനീഷ ഗുരുനാഥ് മന്ദ്ഹാരെ, കെമിസ്ട്രി പ്രഫസറായ പി.വി. കുൽക്കർണി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. എൻടിഎ വിദഗ്ധർ എന്ന നിലയിൽ ചോദ്യപേപ്പറുകളിലേക്ക് പൂർണമായ പ്രവേശനമുണ്ടായിരുന്ന ഇവർ, പരീക്ഷയ്ക്ക് ആഴ്ചകൾക്ക് മുൻപ് തന്നെ പൂനെയിലെ തങ്ങളുടെ വീടുകളിൽ തിരഞ്ഞെടുത്ത വിദ്യാർഥികൾക്കായി പ്രത്യേക 'കോച്ചിങ് ക്ലാസുകൾ' നടത്തി. യഥാർഥ ചോദ്യപേപ്പറിലെ ബോട്ടണി, സുവോളജി, കെമിസ്ട്രി ചോദ്യങ്ങൾ അതേപടി ഇവർ വിദ്യാർഥികൾക്ക് പറഞ്ഞു കൊടുക്കുകയും നോട്ടുപുസ്തകങ്ങളിൽ എഴുതിക്കുകയും ചെയ്തതായി സിബിഐ കണ്ടെത്തി.
പരീക്ഷയ്ക്ക് മുൻപ് വിപണിയിൽ ഇറങ്ങിയ ഒരു പ്രത്യേക 'ഗസ് പേപ്പർ' ആണ് ഇത്തവണ അന്വേഷണത്തിന് വഴിത്തിരിവായത്. 410 ചോദ്യങ്ങൾ അടങ്ങിയ ഈ ഗസ് പേപ്പറിൽ വന്ന ചോദ്യങ്ങൾ, യഥാർഥ നീറ്റ് പരീക്ഷയിലെ ബയോളജി (90 ചോദ്യങ്ങൾ), കെമിസ്ട്രി (45 ചോദ്യങ്ങൾ) എന്നീ സെക്ഷനുകളിലെ ചോദ്യങ്ങളുമായി 100 ശതമാനം ഒത്തുപോയതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഈ ചോദ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പരീക്ഷയുടെ സുതാര്യത പൂർണമായും നഷ്ടപ്പെട്ടു. ഇതേത്തുടർന്ന് 22 ലക്ഷത്തിലധികം വിദ്യാർഥികൾ എഴുതിയ 2026ലെ നീറ്റ്-യുജി പരീക്ഷ കേന്ദ്ര സർക്കാർ പൂർണമായി റദ്ദാക്കാൻ നിർബന്ധിതരായി. പേപ്പർ ചോർച്ചയെ തുടർന്ന് രാജ്യമൊട്ടാകെ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ 2026 ജൂൺ 21 ഞായറാഴ്ച പുതുക്കിയ നീറ്റ് പരീക്ഷ നടത്തുമെന്ന് എൻടിഎ പ്രഖ്യാപിച്ചിട്ടുണ്ട്

0 Comments