തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ഒരു ദിവസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞ്. വെള്ളിയാഴ്ചത്തെ കനത്ത മഴയ്ക്കിടയിൽ വൈകുന്നേരം 6.30-നാണ് ഒരു ദിവസം മാത്രം പ്രായവും 3.25 കിലോഗ്രാം ഭാരവുമുള്ള ആണ്‍കുഞ്ഞിനെ ലഭിച്ചത്. ഈ വർഷം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ എത്തിയ ഏഴാം അതിഥി. മഴ പോലെ വന്ന കുഞ്ഞിന് 'മേഘ്മൽഹാർ' എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി അറിയിച്ചു. മഴ ആഗ്രഹിച്ച് പാടുന്ന ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രസിദ്ധമായ രാഗമാണ് മേഘ്മൽഹാർ.
2023 മെയ് മാസം മുതൽ മൂന്ന് വർഷം സംസ്ഥാനത്തെ അമ്മത്തൊട്ടിലുകൾ വഴി മാത്രം സമിതിയുടെ പരിചരണത്തിലേക്ക് 106 കുട്ടികളാണ് എത്തിയതെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. ഏറ്റവും കൂടുതൽ കുട്ടികൾ എത്തിയത് തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ആണ്- 64 പേർ. കുറവ് പത്തനംതിട്ടയിലും- ഒരാൾ. കൊല്ലം 4, ആലപ്പുഴ 11, എറണാകുളം 2, കോട്ടയം 7, തൃശൂർ 6, കോഴിക്കോട് 8, കാസറഗോഡ് 2 എന്നിങ്ങനെയാണ് ജില്ലകളിലെ കണക്ക്. ഈ കാലയളവിൽ വിദേശത്തും സ്വദേശത്തുമായി 233 കുട്ടികളെയാണ് ദത്ത് നൽകിയത്. സ്വദേശം 206, വിദേശം 27. ഏറ്റവും കൂടുതൽ പേർ കടൽ കടന്നത് ഇറ്റലിയിലേക്കാണ്- 10 പേർ. മറ്റുള്ളവർ അമേരിക്ക, ഡെൻമാർക്ക്, സ്പെയിൻ, യു. എ. ഇ, സ്വീഡൻ എന്നീ രാജ്യങ്ങളിലേക്കും ദത്ത് പോയി

0 Comments