'പാരിസ്ഥിതികാഘാത പഠനം നടത്താതെ മുന്നോട്ടുപോകരുത്': ഇ ശ്രീധരന്റെ അതിവേഗ റെയിൽ പാതക്കെതിരെ കെ റെയിൽ വിരുദ്ധ സമരസമിതി

 



ആലുവ: ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ എതിർപ്പുമായി കെ റെയിൽ വിരുദ്ധ സമരസമിതി. പദ്ധതിയെ എതിർക്കുമെന്ന് സമരസമിതി കൺവീനർ എസ് രാജീവൻ വ്യക്തമാക്കി.

പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകരുത്. കേരളത്തിലെ സാഹചര്യത്തിൽ നിലവിലുള്ള റെയിൽപാത ഇരട്ടിപ്പിച്ചാൽ മതി. ബ്രോഡ്ഗേജ് സംവിധാനത്തിൽ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്കോ സ്റ്റാൻഡേർഡ് എലോണിലേക്കോ പോകേണ്ടതില്ലെന്നും എസ് രാജീവൻ പറഞ്ഞു.

കേരളത്തിൽ 100 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുമെന്ന് വന്ദേ ഭാരത് തെളിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ അടക്കം കാര്യങ്ങൾ ധരിപ്പിക്കും. മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറായാൽ ഞങ്ങൾ അദ്ദേഹത്തെ കാണുമെന്നും അല്ലെങ്കില്‍ സിൽവർ ലൈനിൽ കണ്ടതുപോലെയുള്ള സമരം വീണ്ടും ഇനി കാണേണ്ടിവരുമെന്നും എസ് രാജീവൻ മുന്നറിയിപ്പ് നല്‍കി.

ഇന്നലെയാണ് മുഖ്യമന്ത്രി വി.ഡി.സതീശനുമായി ഇ. ശ്രീധരൻ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ അതിവേഗ റെയിൽ പാത സംബന്ധിച്ച കരട് റിപ്പോർട്ട് ഇ. ശ്രീധരൻ മുഖ്യമന്ത്രിക്കു കൈമാറി. ഇക്കാര്യം മന്ത്രിസഭയിൽ ചർച്ച ചെയ്ത് രണ്ടാഴ്ചയ്ക്കകം മറുപടി അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദമായ പദ്ധതി രേഖയുടെ (ഡിപിആർ) 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ടെന്നാണ് സൂചന. പദ്ധതി സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇ. ശ്രീധരൻ നേരത്തെ പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു.

Post a Comment

0 Comments