തിരുവനന്തപുരം: ജന്മനാ ഗര്‍ഭപാത്രം ഇല്ലാത്തത് ഇനി ഭിന്നശേഷിയായി കണക്കാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. 2017ല്‍ ഗര്‍ഭപാത്രത്തിന്റെ ജന്മനായുള്ള അഭാവം 50 ശതമാനം ഭിന്നശേഷിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ ഉത്തരവിലാണ് സര്‍ക്കാര്‍ നിലവില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ഭിന്നശേഷി നിര്‍വചനം കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യമായതിനാലാണ് 2017ലെ ഉത്തരവ് റദ്ദാക്കിയത്. 2017ല്‍ ജന്മനാ ഗര്‍ഭപാത്രം ഇല്ലാത്തവരെ 50 ശതമാനം ഭിന്നശേഷിയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി തൊഴില്‍, പെന്‍ഷന്‍, യാത്ര എന്നിവയില്‍ സംവരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
ഭിന്നശേഷി സർട്ടിഫിക്കറ്റ് നല്‍കുന്ന മെഡിക്കല്‍ ബോര്‍ഡില്‍ ഗൈനക്കോളജിസ്റ്റിനെ ഉള്‍പ്പെടുത്താനും ശിപാര്‍ശ ചെയ്തിരുന്നു. അന്നത്തെ കമ്മീഷന്‍ അംഗമായിരുന്ന കെ.മോഹന്‍കുമാറാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
തുടര്‍ന്ന് 2017 നവംബര്‍ 18ന് സംസ്ഥാന സര്‍ക്കാരും ഇതുസംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ Rights of Persons with Disabilities Act പ്രകാരമുള്ള ഭിന്നശേഷി പട്ടികയില്‍ ഇത് അംഗപരിമിതി ഉൾപ്പെട്ടിരുന്നില്ല.
കേന്ദ്രം നിയമത്തില്‍ ഭേദഗതി വരുത്താത്തതാണ് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായത്. കേന്ദ്രത്തിന്റെ ഭിന്നശേഷിനിയമത്തില്‍ 22 അംഗപരിമിതികളാണ് നിലവിലുള്ളത്. ഇതില്‍ പുതുതായി ഒന്ന് സംസ്ഥാന സര്‍ക്കാരിന് കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കില്ല.
കേന്ദ്രം വിജ്ഞാപനമിറക്കി സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചാൽ മാത്രമേ കേരളത്തിന് ഈ തീരുമാനം നടപ്പിലാക്കാൻ കഴിയുകയുള്ളു. നിലവിൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ലഭിക്കാത്തതിനാലാണ് സർക്കാർ ഈ തീരുമാനത്തിൽ നിന്ന് പിന്മാറിയിരിക്കുന്നത്.

0 Comments