കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തൃക്കലശാട്ടോടെ സമാപനം





കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് തൃക്കലശാട്ടോടെ സമാപനമായി. താൽക്കാലികമായി മുളന്തണ്ടുകളും ഞെട്ടിപ്പനയോലകളും കൊണ്ട് കെട്ടിയുണ്ടാക്കിയ ശ്രീകോവിൽ രാവിലെ പിഴെത്തെടുത്ത് പടിഞ്ഞാറേ നടക്ക് കുറുകെയിട്ടു. കലാശാട്ടിനോട് അനുബന്ധിച്ചുള്ള പരികലശങ്ങൾ നന്ത്യാർവള്ളി നടത്തി. തുടർന്ന് ഇരു തന്ത്രിമാരും മണിത്തറയിൽ കയറാൻ അർഹതയുള്ള നമ്പൂതിരിമാരും ചേർന്ന് വേദമന്ത്രോച്ചാരണ സഹിതം ഭഗവൽ വിഗ്രഹത്തെ അഭിഷേകം ചെയ്തു. ഇതുപോലെ രണ്ടാമത്തെ തൃക്കലശവും വേദ സൂക്തങ്ങളോടെ അഭിഷേകം ചെയ്തു. അഭിഷേകം ചെയ്തു കഴിഞ്ഞതോടെ കോഴിക്കോട് സാമൂതിരിരാജയുടെ പ്രതിനിധിക്ക് ആദ്യ പ്രസാദം നൽകി. കലശ പ്രസാദം അവകാശമുള്ള ബ്രാഹ്മണർക്കും, നാല് ഊരാളന്മാർക്കും, ട്രസ്റ്റിമാർക്കും, ഭക്തർക്കും നൽകി. തുടർന്ന് പൂർണ പുഷ്പ്പാഞ്ജലി ആരംഭിച്ചു. നാളം തുളസി ദളം കൊണ്ട് നിറഞ്ഞു. തുടർന്ന് തിടപ്പളിയിലും, മുഖമണ്ഡപത്തിലും, ഭണ്ഡാര അറയിലും ഇരുന്ന സുവർണ്ണ രജത കുംഭങ്ങളെല്ലാം കൂത്തമ്പലത്തിലേക്ക് മാറ്റി. കണക്കപിള്ളയുടെയും, സമുദായത്തിന്റെയും സാന്നിധ്യത്തിൽ എണ്ണി ഒത്ത് നോക്കി, ചെപ്പിൽ സൂക്ഷിക്കേണ്ട ആഭരണങ്ങൾ ചെപ്പിലും, മറ്റുള്ളവ കാവാക്കി കെട്ടി വെച്ചു. കുടിപതികൾ തിടപ്പള്ളിയിൽ ഇരുന്ന് ഭക്ഷണം കഴിച്ചു. തിടപ്പള്ളി ശുദ്ധീകരിച്ച് മുതിരേരിക്കാവിലെ ശാന്തിക്കാരനും വാൾ എഴുനെള്ളിപ്പുക്കാരനുമായ സുരേഷ് നമ്പൂതിരി നമസ്‌ക്കാര തണ്ടിൽ ധ്യാന നിരതനായി. ശാന്തിക്കാരൻ മുതിരേരി വാൾ ഭണ്ഡാരറയിൽ നിന്ന് എടുത്ത് നാളത്തിലെ സ്വയംഭൂവിലേക്ക് ചേർത്ത് വെച്ചു. തിരുവഞ്ചിറയിൽ കുളികഴിഞ്ഞ് മണിത്തറയിൽ നിന്ന് ഒരുപിടി തുളസിക്കതിരുകളോടെ വാളെടുത്ത് കിഴക്കേനട വഴി ക്ഷേത്രത്തെ വലംവെച്ച് പടിഞ്ഞാറെ നടവഴി ഹുങ്കാരത്തോടെ അക്കര ക്ഷേത്രത്തിൽ നിന്നും വിടവാങ്ങി.

Post a Comment

0 Comments