ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍.ഒരു സ്ഥാപനം പോലും സ്വകാര്യവല്‍ക്കരിക്കില്ല. ഞങ്ങള്‍ക്ക് കൃത്യമായ നയമുണ്ട്. പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ പോകുന്നവയല്ല. പൊതുമേഖലാ സ്ഥാപനം സ്വകാര്യവല്‍ക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റില്‍ ഇല്ല. കൃത്യമായ പരിപാടികള്‍ ആവിഷ്‌കരിച്ച് പൊതുമേഖല സ്ഥാപനങ്ങളെ ശക്തമാക്കും ലാഭകരമാക്കും. വെള്ളാനകളായ പൊതുമേഖലാ സ്ഥാപനങ്ങളെ ഉണ്ടാക്കി ശമ്പളം കൊടുക്കുകയല്ല സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞു.
ഭാവി കേരളത്തെ കെട്ടിപ്പടുക്കാനുള്ള ഉറപ്പാണ് ജനങ്ങള്‍ക്ക് നല്‍കിയത്. അതിന് തുടക്കം കുറിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍. ഭാവിയെ കെട്ടിപ്പടുക്കാനുള്ള ഒരു ഡോക്യുമെന്റ് അവതരിപ്പിച്ചു. പരമ്പരാഗത രീതിയില്‍ അവതരിപ്പിച്ച ബജറ്റ് അല്ല. കാലഹരണപ്പെട്ട കാര്യങ്ങള്‍ മാറ്റി നിര്‍ത്തി ഓരോ മേഖലയിലും എക്‌സ്‌പെര്‍ട്ടിനെ വെക്കുകയാണ്.
വയോജനങ്ങളെ സംരക്ഷിക്കണം.നന്നായി പഠിച്ചിട്ടാണ് വയോജനങ്ങള്‍ക്കായി വകുപ്പ് ഉണ്ടാക്കിയിരിക്കുന്നത്. ഒരാളും സാമൂഹികമായി ഒറ്റപ്പെടില്ലെന്ന് ഈ സര്‍ക്കാര്‍ ഉറപ്പുവരുത്തും. അശരണരെ ചേര്‍ത്തുനിര്‍ത്താനാണ് വണ്‍ കേരള പദ്ധതി. ജനങ്ങളുടെ തലയില്‍ ഭാരം കെട്ടിവെക്കാതെ തന്നെ ഖജനാവ് നിറയ്ക്കും.ജനങ്ങളുടെ തലയില്‍ നികുതിഭാരം കെട്ടിവെച്ചിട്ടല്ല ഖജനാവ് നിറയ്‌ക്കേണ്ടത് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കും,സപ്ലൈകോ ലാഭം ഉണ്ടാക്കും. കൃത്യമായ പരിപാടികള്‍ ആവിഷ്‌കരിച്ച് പൊതുമേഖല സ്ഥാപനങ്ങളെ ശക്തമാക്കും ലാഭകരമാക്കും.കെഎസ്ഇബി ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിന്റെ കാലത്ത് ലാഭത്തില്‍ ആയിരുന്നു. ഇപ്പോള്‍ കോടികളുടെ നഷ്ടത്തില്‍. കരിമണല്‍ സ്വകാര്യ വത്ക്കരിക്കില്ല. കരിമണലിനെ സംബന്ധിച്ച് താന്‍ പറഞ്ഞതില്‍ വാക്കുമാറില്ല.സര്‍ക്കാരിന് യൂ ടേണ്‍ ഇല്ല, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള മോഡല്‍ മങ്ങിയിരിക്കുകയാണ്. കേരള മോഡല്‍ നവീകരിച്ച് നീയോ കേരള മോഡല്‍ ഉണ്ടാക്കണം. കേരള മോഡലില്‍ ഒന്നും ആരും അഭിരമിക്കേണ്ട. ഭൂമിയാണ് സര്‍ക്കാരിന്റെ ഓഹരി, ബാക്കി നിക്ഷേപമായി വരണം എന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. സാധാരണക്കാരായ പ്രവാസികളെ നിക്ഷേപകരാക്കി കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാക്കി മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
.jpg)
0 Comments