കേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി മധ്യനിര താരം
ജെയ്ഡൻ ആഡംസ് അന്തരിച്ചു. 2026 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായിമികച്ച പ്രകടനം പുറത്തെടുത്ത 25കാരന്റെ മരണകാരണം വ്യക്തമല്ല. പ്രമുഖ ദക്ഷിണാഫ്രിക്കൻ ക്ലബ്ബായ മാമലോഡി സൺഡൗൺസിന്റെ മധ്യനിര താരമാണ്.
ശനിയാഴ്ച രാവിലെ മധ്യ കേപ് ടൗണിലെ വീട്ടിലാണ് 25 കാരനായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വെസ്റ്റേൺ കേപ് പോലീസ് വക്താവ് എഫ്.സി വാൻ വിക്ക് അറിയിച്ചു.
ലോകകപ്പിൽ ദക്ഷിണാഫ്രിക്ക കളിച്ച മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ജെയ്ഡൻ ആഡംസ് ബൂട്ട് കെട്ടിയിരുന്നു. മെക്സിക്കോയ്ക്കെതിരായ ആദ്യ മത്സരത്തിലും ചെക്കിയ്ക്കെതിരായ രണ്ടാം മത്സരത്തിലും ആദ്യ ഇലവനിൽ ഇറങ്ങിയ താരം, ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിൽ പകരക്കാരനായാണ് ഇറങ്ങിയത്. കാനഡക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിൽ താരം കളിച്ചിരുന്നില്ല.
"പ്രതീക്ഷാഭരിതനായ ഒരു അക്കാദമി താരം എന്ന നിലയിൽ നിന്നും ദേശീയ ടീമിലേക്ക് വളർന്നദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച യുവ പ്രതിഭകളിൽ ഒരാളെയാണ് ഫുട്ബോൾ ലോകത്തിന് നഷ്ടമായിരിക്കുന്നത്," ദക്ഷിണാഫ്രിക്കൻ കായിക മന്ത്രി ഗെയ്റ്റൺ മക്കെൻസി അനുശോചന സന്ദേശത്തിൽ കുറിച്ചു.

0 Comments