രാമക്ഷേത്രത്തിലേക്കുള്ള സംഭാവനയില്‍ വന്‍ ഇടിവ്; ഭക്തരുടെ വരവും കുറഞ്ഞു




 ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയില്‍ കേസെടുത്തതിന് പിന്നാലെ ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ സംഭാവനയില്‍ വന്‍ ഇടിവ്. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ ലഭിക്കുന്ന 500 രൂപ നോട്ടുകളുടെ എണ്ണം കുറഞ്ഞതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 20, 50, 100 നോട്ടുകളില്‍ വര്‍ധനയുണ്ട്. ക്ഷേത്രദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തിലും വന്‍ ഇടിവുണ്ടായി.

പ്രതിദിനം ക്ഷേത്രം സന്ദര്‍ശിക്കുന്നവരുടെ എണ്ണം 60,000 ആയി കുറഞ്ഞിരിക്കുകയാണ്. പൂജകളും വഴിപാടുകളും കുറഞ്ഞു. പൂജാവസ്തുക്കളുടെ വില്‍പ്പന കുറഞ്ഞതായി കച്ചവടക്കാര്‍ പറയുന്നു. ട്രെയിനില്‍ എത്തുന്ന ഭക്തരുടെ എണ്ണവും പകുതിയായി. അയോധ്യയിലേക്കുള്ള 84 ട്രെയിനുകളിലായി പ്രതിദിനം 50,000ത്തോളം പേരാണ് നേരത്തെ എത്തിയിരുന്നത്. ഇത് 25,000ലേക്ക് കുറഞ്ഞിരിക്കുകയാണ്.

ഭണ്ഡാരക്കൊള്ളയില്‍ യുപി സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. ക്ഷേത്ര ഭരണത്തിലെ വന്‍ സുരക്ഷാവീഴ്ചകളും അഴിമതിയും തുറന്നുകാട്ടുന്നുണ്ടെങ്കിലും തട്ടിപ്പിന്റെ യഥാര്‍ഥ വ്യാപ്തിയോ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കോ വ്യക്തമാക്കാതെ പല നിര്‍ണായക ചോദ്യങ്ങളും റിപ്പോര്‍ട്ടില്‍ ഒഴിവാക്കിയതായും ആക്ഷേപമുണ്ട്.

കണ്‍ട്രോള്‍ റൂമിലെ സിസിടിവിയില്‍ പതിഞ്ഞ ഏപ്രില്‍ 27നും ജൂണ്‍ അഞ്ചിനുമിടയിലുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് 40 ദിവസത്തിനിടെ 70 തവണയാണ് ജീവനക്കാര്‍ പണം കവര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ നിശ്ചിത ദിവസങ്ങള്‍ക്കു ശേഷം തനിയെ മാഞ്ഞുപോകുന്ന സംവിധാനമായതിനാല്‍ ഏപ്രില്‍ 27ന് മുമ്പ് നടന്ന മോഷണങ്ങള്‍ കണ്ടെത്താന്‍ എസ്.ഐ.ടിക്ക് കഴിഞ്ഞിട്ടില്ല. പ്രതികളുടെ മൊഴികള്‍ പ്രകാരം, ഇതിനു മുമ്പും മോഷണം നടന്നിട്ടുണ്ടാകാമെന്നാണ് സൂചന. അതിനാല്‍, ക്ഷേത്രത്തിന് കൃത്യമായി എത്ര തുക നഷ്ടപ്പെട്ടെന്ന് തിട്ടപ്പെടുത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.

Post a Comment

0 Comments