മസ്കത്ത്: ഒമാൻ തീരത്തിന് സമീപം'ജിഎഫ്എസ് ഗാലക്സി' എന്ന വാണിജ്യ ചരക്കുകപ്പലിന് നേരെ ആക്രമണം. സംഭവത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരനെ കാണാതായതായി മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണെന്നും പത്ത് ഇന്ത്യൻ ജീവനക്കാരെ ഒമാൻ അധികൃതർ വിജയകരമായി രക്ഷപ്പെടുത്തിയതായും എംബസി വ്യക്തമാക്കി. സംഭവത്തെ രാജ്യാന്തര തലത്തിൽ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും എംബസി പറഞ്ഞു.
കാണാതായ ജീവനക്കാരനായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്കായി ഒമാൻ അധികൃതർ, കപ്പൽ മാനേജ്‌മെന്റ്, മറ്റ് നയതന്ത്ര ഏജൻസികൾ എന്നിവരുമായി ചേർന്ന് നിരന്തരമായ ഏകോപനം നടത്തിവരികയാണെന്ന് എംബസി അധികൃതർ അറിയിച്ചു. ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ ഉടനടി ഇടപെട്ട ഒമാൻ ഭരണകൂടത്തിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തി. അതേസമയം, അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കടുത്ത ആശങ്ക രേഖപ്പെടുത്തി

0 Comments